ഭ്രാന്തന്‍ കുഞ്ഞാമു

ഭ്രാന്തന്‍ കുഞ്ഞാമു മരിച്ചു. അന്പത്തെട്ടാമത്തെ വയസ്സില്‍ കുഞ്ഞാമുവിന്‍റെ ജീവിതയാത്ര അവസാനിച്ചു. “ഭ്രാന്തന്‍ കുഞ്ഞാമു” കഴിഞ്ഞ മുപ്പതു വര്‍ഷമായി അയാള്‍ അങ്ങിനെയാണ് അറിയപ്പെട്ടിരുന്നത്. മെലിഞ്ഞു നീളം വെച്ച പ്രകൃതിയോട് കൂടിയ അയാള്‍ പലപ്പോഴും താടിയും മുടിയും നീട്ടി വളര്‍ത്തി മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ് അലസനായാണ് കാണപ്പെട്ടിട്ടുള്ളത്. രാവിലെ സൂര്യന്‍ ഉദിച്ചാലും ഉദിച്ചില്ലെങ്കിലും കുഞ്ഞാമു രാവിലെ മൊയ്തീന്‍റെ കടയില്‍ ഏഴു മണിക്ക് തന്നെ ഹാജരായിരിക്കും.ഭക്ഷണത്തിന് നിര്‍ബ്ബന്ധം പിടിക്കില്ല. കിട്ടിയ ഭക്ഷണം കഴിച്ചു രാവിലെ നടക്കാനിറങ്ങും. പഞ്ചായത്ത് സ്കൂളിന്‍റെ മുന്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ കുറച്ചുനേര ഇരിക്കും. “ഭ്രാന്തന്‍ കുഞ്ഞാമു” എന്ന് വിളിച്ചു കുട്ടികള്‍ പിന്നാലെ കൂടുമെങ്കിലും അയാള്‍ ഒന്നും പ്രതികരിക്കില്ല. അയാള്‍ ഒരിക്കലും ആരെയും ഉപദ്രവിച്ചിരുന്നില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്ത കുട്ടികളെയും ,രാത്രിയില്‍ പഠിക്കാന്‍ മടികാണിക്കുന്ന കുട്ടികളെയും ഉറങ്ങാതെ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടികളെയും “ഭ്രാന്തന്‍ കുഞ്ഞാമു” വരും എന്ന് പറഞ്ഞു നാട്ടുകാര്‍ പേടിപ്പിച്ചിരുന്നു. തെങ്ങിന്‍ തോപ്പുകളില്‍ കൂടിയും പുഞ്ച്നെല്‍പ്പാടങ്ങളില്‍ കൂടിയും നടന്നു ഉച്ചയാകുമ്പോള്‍ തന്‍റെ വീടിന്‍റെ അയല്‍പക്കത്തുള്ള ഏതെങ്കിലും ഒരു വീട്ടിന്‍റെ ഉമ്മറത്ത്‌ നിന്ന് “കുഞ്ഞാമു വന്നിട്ടുണ്ട്” എന്ന് ഉറക്കെ വിളിച്ചു പറയും. വീട്ടുകാര്‍ ഭക്ഷണം വിളമ്പികൊടുക്കും. വരാന്തയിലിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം പാത്രവും കഴുകി വരാന്തയില്‍ വെച്ച് വീണ്ടും നടത്തം തുടരും. രണ്ടു കൈകളും പിന്നില്‍ കോര്‍ത്ത്‌ പിടിച്ചാണ് നടത്തം. കറങ്ങിത്തിരിഞ്ഞ്‌ വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത് വീണ്ടും ബസ്‌ സ്റ്റോപ്പില്‍ വന്നു കുട്ടികളെയും നോക്കിയിരിക്കും. രാത്രി കുഞ്ഞാമു വന്നു ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ മൊയ്തീന്‍ തന്‍റെ കട അടക്കാരുള്ളൂ. കടക്കു കാവല്‍ക്കാരനായി കുഞ്ഞാമു കടത്തിണ്ണയില്‍ അന്തിയുറങ്ങും. വേനല്‍ക്കാലത്ത് അപൂര്‍വ്വമായി കിട്ടുന്ന മഴപോലെ ചില മാസങ്ങളില്‍ വളരെ അപൂര്‍വ്വമായി കുഞ്ഞാമുവിന് സുബോധം തിരിച്ചുകിട്ടും. ആ ദിവസങ്ങളില്‍ താടിയും മുടിയും വൃത്തിയാക്കി നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു മൊയ്തീന്‍റെ കടയില്‍ സഹായിക്കും. ആ ദിവസങ്ങളില്‍ കുഞ്ഞാമു വളരെ വാചാലനായിരിക്കും. പരിചയക്കാരോട് പണം കടം ചോദിക്കും.അങ്ങിനെ കിട്ടുന്ന പണം കൊണ്ട് മധുര പലഹാരങ്ങള്‍ വാങ്ങി സ്കൂള്‍കുട്ടികള്‍ക്ക് വിതരണംചെയ്യും. സുബോധം നഷ്ടപ്പെടുമ്പോള്‍ തീരെ സംസാരിക്കില്ല . തന്‍റെ സുഹൃത്ത്‌ മോയ്തീനോടുപോലും ഒന്നും മിണ്ടില്ല. നിശബ്ദനായി എന്തോ ചിന്തിച്ചുകൊണ്ടെയിരിക്കും. സുബോധമുള്ള നിമിഷങ്ങളില്‍ ഒരു സുഹൃത്തിനോടെന്നപോലെ ചിലപ്പോള്‍ അയാള്‍ മോയ്തീനോടു തന്‍റെ സങ്കടങ്ങള്‍ പങ്കിടും. ഭ്രാന്തില്ലയിരുന്നുവെങ്കില്‍ തനിക്കും ഒരു കുടുംബം ഉണ്ടാകുമായിരുന്നെന്നും കുട്ടികളെയും കൂട്ടി താനും സ്കൂളില്‍ പോകുമായിരുന്നെന്നും പറഞ്ഞു അയാള്‍ ഒരു പാട് തവണ കരഞ്ഞിട്ടുണ്ട്. ആശിച്ചിരുന്ന കുടുംബജീവിതം അസാദ്ധ്യമായപ്പോള്‍ മനസ്സിന്‍റെ സമചിത്തത കൂടുതല്‍ വഷളായി. തന്‍റെ ജീവിതം ഒരു സ്വപ്നമല്ല യാഥാര്‍ത്ഥ്യം തന്നെയാണെന്നറിയുമ്പോള്‍ അയാള്‍ കൂടുതല്‍ നിശബ്ദനാകുന്നു. ചിലപ്പോള്‍ കുഞ്ഞാമു ഗ്രാമത്തില്‍ നിന്നും അപ്രത്യക്ഷനാകും.എവിടേക്കും പോകുന്നതല്ല. ഒരു ശല്ല്യം ഒഴിവാക്കാന്‍ വേണ്ടി ചികില്‍സയുടെ പേരും പറഞ്ഞു കുടുംബക്കാര്‍ നാടുകടത്തുന്നതാണ്. കുറച്ചുദിവസങ്ങള്‍ ശേഷം കുഞ്ഞാമു എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് തിരിച്ചെത്തും. പിന്നെ മൊയ്തീന്റെ കടയില്‍ രണ്ടു മൂന്ന് ദിവസം ഒളിച്ചിരിക്കും. അതിനു ശേഷം വീണ്ടും നടക്കാനിറങ്ങും. ഒരു ദിവസം ഇതുപോലെ അപ്രത്യക്ഷമായിട്ടു പിന്നെ കുറെ ദിവസത്തേക്ക് കുഞ്ഞാമുവിനെ കണ്ടില്ല. കുഞ്ഞാമുവിന് എന്ത് പറ്റി എന്നറിയാതെ മോയ്തീന്‍ വിഷമിച്ചു. ഒടുവില്‍ വിശദമായ അന്വേഷണത്തിനുശേഷം തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ ചികിത്സയിലാണെന്നറിഞ്ഞു. പീഡന മുറകള്‍ ഉപയോഗിച്ച് ഭ്രാന്ത് മാറ്റുന്ന ചികില്‍സ!!. കന്നുകാലികളെ പോലെ സിമന്‍റ് തറയില്‍ കിടത്തി മര്‍ദിച്ചു അവശനാക്കി കൊല്ലുന്ന ചികില്‍സ!! ഏര്‍വാടിയിലെ അന്ധവിശ്വാസത്തെക്കുറിച്ചും അനാചാരങ്ങളെ കുറിച്ചും പൂര്‍ണ്ണ ബോധവാന്മാരായ മൊയ്തീനും നാട്ടുകാരും കൂടി കുഞ്ഞാമുവിനെ അവിടെ നിന്നും രക്ഷപ്പെടുത്തി. കുഞ്ഞാമു ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ഭ്രാന്തനായതിനെക്കുറിച്ചു നാട്ടുകാര്‍ക്കാര്‍ക്കും വ്യതസ്തങ്ങളായ കഥകളൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ ഒരു കഥ..ഒരു വഞ്ചനയുടെ കഥ. ധനം എന്ന ഭൌതീക നേട്ടത്തിന് വേണ്ടി സ്വന്തം സഹോദരനെ ചതിച്ച ഒരു സഹോദരിയുടെയും അവരുടെ ഭര്‍ത്താവിന്‍റെയും കഥ. മുഹമ്മദ്‌ കുഞ്ഞി എന്ന കുഞ്ഞാമു നാട്ടിലെ യുവാക്കളുടെ ഹരമായിരുന്നു. നല്ല കായികാഭ്യസിയും ഫുട്ടുബോള്‍ കളിക്കാരനുമായിരുന്ന കുഞ്ഞാമു നാട്ടുകാരുടെ കൂടെ എല്ലാ പ്രശ്നങ്ങളുടെയും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്ന. മൂത്ത സഹോദരിയുടെ കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിയും മുന്‍പേ ബാപ്പ മരിച്ചു. ബാപ്പ മരിച്ചതോടെ കുടുംബത്തിന്‍റെ ഭാരവും പേറി ഏതൊരു മലയാളിയെയും പോലെ കുഞ്ഞാമുവും ഗള്‍ഫിലെത്തി. ആകാരസൌഷ്ടവവും വിവിധ ഭാഷാ നിപുണനുമായ കുഞ്ഞാമുവിന് വളരെ വേഗം തന്നെ നല്ല ജോലി കിട്ടി. ആത്മാര്‍ഥതയും വിശ്വസ്തതയും അയാളെ ഉയരങ്ങളിലെത്തിച്ചു. സമ്പാദിച്ചതെല്ലാം സ്നേഹനിധിയായ സഹോദരിയുടെ പേരില്‍ അയച്ചുകൊടുത്തു. ഓരോ തവണ നാട്ടില്‍ വരാന്‍ തയ്യാറെടുക്കുംപോഴും അവിടെ സ്ഥലമെടുക്കണം ഇവിടെ സ്ഥലമെടുക്കണം എന്നൊക്കെപ്പറഞ്ഞു പെങ്ങളും അളിയനും നിരുത്സാഹപ്പെടുത്തി. ഒടുവില്‍ എട്ടു വര്‍ഷങ്ങള്‍ക്കുശേഷം കുഞ്ഞാമു നാട്ടിലെത്തി. എയര്‍പോര്‍ട്ടില്‍ തന്നെ സ്വീകരിക്കാന്‍ വന്നവരില്‍ പെങ്ങളും അളിയനും ഉണ്ടായിരുന്നില്ല. നാട്ടില്‍ വരണ്ടാ എന്ന പെങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാത്തതിലുള്ള പ്രതിഷേധമായിരിക്കാം എന്ന് കുഞ്ഞാമു കരുതിയെങ്കിലും തന്‍റെ സുഹൃത്ത് മൊയ്തീന്‍റെ വിവരണത്തില്‍ നിന്നും കാര്യങ്ങളുടെ കിടപ്പ് അയാള്‍ക്ക്‌ മനസ്സിലായി. അളിയന്‍ വലിയ ബംഗ്ലാവ് പണിഞ്ഞിരിക്കുന്നു, നാട്ടില്‍ നിറയെ സ്ഥലങ്ങള്‍ വാങ്ങി ക്കൂട്ടിയിരിക്കുന്നു ,ദേശത്തെ വലിയ പ്രമാണിയും ബിസിനസ്സുകാരനുമായിരിക്കുന്നു. ബാപ്പയുടെ സ്ഥാനത്ത് കാണുന്നതിനാല്‍ അളിയന്‍റെ അവഗണന അയാള്‍ കാര്യമായി എടുത്തില്ല. കല്യാണം കഴിക്കണം എന്ന കുഞ്ഞാമുവിന്‍റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന അളിയനും പെങ്ങളും ശ്രദ്ധിച്ചതേയില്ല. രോഷാകുലനായ കുഞ്ഞാമു പഞ്ചായത്ത്‌ സ്കൂളിന്‍റെയരികില്‍ വാങ്ങിയ സ്ഥലത്ത് ചെറിയ കെട്ടിടം പണിയാനുള്ള പ്രാരംഭപണികള്‍ക്കായി താന്‍ അയച്ചു കൊടുത്ത സമ്പാദ്യത്തില്‍ നിന്നും അല്പം ചോദിച്ചപ്പോള്‍ പെങ്ങളും അളിയനും പൊട്ടിത്തെറിച്ചു. ഏതു പണം? ഏതു സ്ഥലം? ആര്‍ക്കാണ് നീ പണം അയച്ചുകൊടുത്തത്? എന്താണതിനു തെളിവ്? പെങ്ങളുടെ ചോദ്യത്തിന് മുന്‍പില്‍ കുഞ്ഞാമു തരിച്ചുനിന്നുപോയി. കുഴല്‍ വഴി പണം അയച്ചതിനു എന്ത് തെളിവാനുള്ളത്? താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന തന്‍റെ സഹോദരിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തത് കേട്ടപ്പോള്‍ കുഞ്ഞാമുവിന്റെ മാനസികനില തെറ്റി. അയാള്‍ നിശബ്ദനായി.. പിന്നെ ഒന്നും സംസാരിക്കതെയായി മുറിയില്‍ ഏകാന്തനായി ദിവസങ്ങള്‍ തള്ളി നീക്കി. അവധി കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും വിളികള്‍ വന്നു. നിരാശ മൂത്ത് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടിതുടങ്ങി. താടിയും മുടിയും വളര്‍ന്നു. ഭക്ഷണം സമയാസമയം കഴിക്കാതെയായി. ആരോഗ്യം നശിച്ച് ഒരു പ്രാകൃതരൂപം പൂണ്ടു. “എന്‍റെ കെട്ടിടത്തിന്‍റെ പണി എന്തായി ?” എന്ന് പറഞ്ഞു ചില ദിവസങ്ങളില്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടും. ക്രമേണ അതൊരു പതിവായി. പിന്നെ പിന്നെ വീട്ടില്‍ വരതെയായി. മരിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ്‌ കുഞ്ഞാമു മൊയ്തീനെ കെട്ടിപ്പിടിച്ചുകൊണ്ട് ഒരുപാട് കരഞ്ഞു. ജീവിതത്തില്‍ ഇത്രമാത്രം ദുഖം കടിച്ചമര്‍ത്തി വിങ്ങിപോട്ടുന്ന തന്‍റെ സുഹൃത്തിനെ മോയ്തീന്‍ മുന്‍പൊരിക്കലും കണ്ടിരുന്നില്ല. മുപ്പതു വര്‍ഷത്തോളം തനിക്ക് അഭയം നല്‍കിയ തന്‍റെ സുഹൃത്തിനോടുള്ള കടപ്പാടും നന്ദിയും എങ്ങിനെ തിരിച്ചുകൊടുക്കും എന്നോര്‍ത്ത് വിതുമ്പിയതാണോ? ഒടുവില്‍ കുഞ്ഞാമു സുഹൃത്തിന്‍റെ മടിയില്‍ കിടന്നു മരിക്കുകയായിരുന്നു. blogger... basheer kunhithiri

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...