ഇന്നത്തെ പത്രം

കുറച്ചു നാളുകളായി ദിവസവും പത്രം വായിക്കാന്‍ കഴിയാതെ വന്നാല്‍ വല്ലാത്ത ഒരു അസ്വസ്ഥതയാണ്. ഗള്‍ഫില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഇതുവരെയും അനുഭവിക്കാത്ത ഒരു സംഘര്‍ഷം.ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അയാളെ വല്ലാതെ സങ്കടപ്പെടുത്തുന്നു ,വേദനിപ്പിക്കുന്നു, പ്രകോപിപ്പിക്കുന്നു. ഗള്‍ഫിലെ ആദ്യനാളുകളില്‍ ഗൃഹാതുരത്വത്തിന്‍റെ ഓര്‍മ്മകള്‍ അല്‍പമൊന്നു നൊമ്പരപ്പെടുത്തിയെങ്കിലും,ബാല്യകാലത്തെ ബോര്‍ഡിംഗ് ജീവിതത്തില്‍ നിന്നും കിട്ടിയ അനുഭവങ്ങളുടെ മുമ്പില്‍ ഈ ഗൃഹാതുരത്വം ഒന്നുമല്ലായിരുന്നു. മെച്ചപ്പെട്ട ജീവിത ചുറ്റുപാടുകള്‍ തേടിയുള്ള ദേശയത്രകള്‍ ജീവിത യാത്രയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഗൃഹാതുരത്വം ഒരു നോവുള്ള അനുഭവമായി. ഗള്‍ഫ്‌ ജീവിതത്തില്‍ സമ്പന്നതയുടെ തിമിര്‍പ്പ് മാത്രമേ കണ്ണില്‍ കണ്ടുള്ളൂ. സുഖസൌകര്യങ്ങള്‍ക്കനുസരിച്ച് ജീവിതശൈലികള്‍ മാറിത്തുടങ്ങി. ജോലി ചെയ്യുന്നു, ശമ്പളം കിട്ടുന്നു, നാട്ടില്‍ എത്തിക്കുന്നു കുടുംബം സുഖമായി ജീവിക്കുന്നു. ജീവിത ചക്രം തുടര്‍ന്നുകൊണ്ടേയിരുന്നു. ഞാന്‍...എന്‍റെ കുടുംബം ...അത് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. മനുഷ്യര്‍ എത്ര വലിയ സ്വാര്‍ത്ഥന്മാര്‍! ആഗോളസാമ്പത്തികമാന്ദ്യത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍ അയാളും അമര്‍ന്നുപോയി. എത്രയെത്ര ജീവിതങ്ങള്‍ പൊലിഞ്ഞുപോയി, എത്രയെത്ര കുടുംബങ്ങള്‍ തകര്‍ന്നു, കണ്ണുകള്‍ പൂര്‍ണ്ണമായും തുറന്നുനോക്കി. എങ്ങും സ്വാര്‍ത്ഥത. നിസ്വാര്‍ത്ഥമെന്നു നാം കെട്ടിഘോഷിക്കപ്പെടുന്ന സകല പ്രവൃത്തികളുടെയും പിന്നില്‍ സ്വാര്‍ത്ഥതയുടെ ഒരു മങ്ങിയ നിഴലെങ്കിലും കാണാതിരിക്കില്ല. സര്‍വ്വസംഗ പരിത്യാഗിയായ യോഗീശ്വരന്‍റെ ഉന്നം മോക്ഷപ്രാപ്തിയയിരുന്നില്ലേ? മാതൃരാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര യോദ്ധാവിന്‍റെ ലക്‌ഷ്യം സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കുകയെല്ലന്നു ആര്‍ക്കു പറയാന്‍ കഴിയും? അതെ അത് തന്നെയാണ് ധീരയോദ്ധാവിന്‍റെ ലക്‌ഷ്യം. പക്ഷെ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കുക എന്നത് സ്വാര്‍ത്ഥതയല്ല. ജീവിത ലക്ഷ്യമാണ്..ഈ ലോക ജീവിതത്തിന്‍റെ പൂര്‍ത്തീകരണമാണ്. തിരക്കിട്ട ജീവിതം ..എവിടെയും തിരക്കാണ്...എന്തിനു വേണ്ടിയാണി ധൃതി? ഇന്നും രാവിലെ ധൃതിപ്പെട്ട് റൂമില്‍ നിന്നിറങ്ങുമ്പോള്‍ ടി വി യില്‍ ന്യൂസ് കാണാന്‍ മറന്നുപോയി. പരസ്പരം പഴിചാരുന്ന ഇരു മുന്നണികളിലെയും നേതാക്കന്മാരുടെ വാചകകസര്‍ത്തു കണ്ടു രസിക്കാനല്ല ,മറിച്ചു സമൂഹത്തിനു നന്മ ലഭിക്കുന്ന വല്ലതും നമ്മുടെ പരിസരങ്ങളില്‍ സംഭവിക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടിയാണു. ചുറ്റുപാടും എന്ത് സംഭവിക്കുന്നു എന്നറിയാന്‍ പോലും സമയം കിട്ടാത്ത വിധം ജീവിതം തിരക്ക് പിടിച്ചിരിക്കുന്നു. അല്ലങ്കില്‍ നാം തിരക്ക് നടിക്കുന്നു. എട്ടു മണിക്ക് ശേഷം പേ പാര്‍ക്കിംഗ് ആണ്.അയാള്‍ ധൃതിയില്‍ റൂമില്‍ നിന്നും പാര്‍ക്കിങ്ങിലേക്ക് കുതിച്ചു. രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പേ ഭാര്യ ഉണ്ടാക്കിവെച്ചിരുന്ന ഓട്സ് പോലും അയാള്‍ക്ക് കഴിക്കാന്‍ കഴിഞ്ഞില്ല. ധൃതിയില്‍ എല്ലാം മറന്നുപോകുന്നു. മയക്കവും ഉറക്കവും മറവിയും ബാധിക്കാത്ത സര്‍വ്വശക്തനായ തമ്പുരാനെ ഓര്‍മ്മിക്കാത്തതുകൊണ്ടാല്ലേ നാം ഇത്രാത്രം ദുര്‍ബലന്മാരാകുന്നത്. രാവിലെ ഒരുകൂട്ടം ജോലികളുണ്ട്. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ്‌ വാട്ടര്‍ അതോരിടിയില്‍ പുതിയ പ്രൊജെക്ടിന്‍റെ ഷോപ്പ് ഡ്രോയിംഗ് സബ്മിറ്റ് ചെയ്യണം,എന്‍ജിനീയറുമായി ഡിസ്കഷന്‍ , എസ്ടിമേറ്റ് കളക്ഷന്‍ ,ഉച്ചക്ക് ശേഷം സൈറ്റ് മീറ്റിംഗ് .. പതിവുപോലെ ഇന്നത്തെ ദിവസവും അയാള്‍ തിരക്കില്‍ തന്നെയാണ്. ഖിസൈസ് ഷോപ്പിംഗ്‌ സെന്‍ററിലെ ഫുഡ്‌ കോര്‍ട്ടില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അടുത്തുള്ള ബുക്സ്റ്റാളില്‍ നിന്നും അയാള്‍ ഇന്നത്തെ ദിനപ്പത്രം ഓര്‍മ്മിച്ചു വാങ്ങി. രണ്ടു മണിക്ക് മീറ്റിംഗ് തുടങ്ങുന്നതിനു മുന്‍പ് തന്നെ സൈറ്റിലെത്തണം. വീണു കിട്ടിയ ചുരിങ്ങിയ സമയംകൊണ്ടയാള്‍ ധൃതിയില്‍ പത്രത്താളുകളില്‍ കണ്ണോടിച്ചു. “ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനല്‍ കാണാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി മൊഹാലിയില്‍ എത്തുന്നു” ക്രിക്കറ്റ്‌ കളിയുടെ പേരില്‍ ഇന്ത്യാ പാകിസ്ഥാന്‍ നയതന്ത്രബന്ധം കൂടുതല്‍ ശക്തിപെടുന്നു. നല്ലൊരു കാര്യം തന്നെയാണത്. പക്ഷെ ഇ ക്രിക്കറ്റ് കളിക്ക് നല്‍കുന്ന അമിതപ്രാധാന്യം, അതിന്‍റെ പിന്നിലുള്ള വ്യാപാരം,ചൂതാട്ടം ഇതൊന്നും കണ്ടില്ലന്നു നടിക്കുന്നത് എന്തുകൊണ്ടാണ്? “നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ കിട്ടാത്ത നേതാക്കന്മാര്‍ പാര്‍ട്ടി വിട്ടു ശത്രുപാള യത്തില്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയക്കാരുടെ അധികാരമോഹം ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചു ഇരു മുന്നണികളും വാഗ്വാദങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക്‌ വേണ്ടിയോ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ സംസാരിക്കാന്‍ ഇന്ന് നേതാക്കന്മാരില്ല. ഞങ്ങള്‍ അത് ചെയ്തു , ഇത് ചെയ്തു എന്നൊക്കെ വീമ്പിളക്കി നാണമില്ലാതെ ജനങ്ങളുടെ മുന്നില്‍ വോട്ടു ചോദിക്കുന്ന ഇത്തരക്കാരുടെ തൊലിക്കട്ടി അപാരം തന്നെ! ഓരോ ഭരണകൂടത്തിനും ഓരോ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഉത്തരവാദിത്തങ്ങളെ അല്ലെങ്കില്‍ കടമകളെ ഭരണനേട്ടമായി ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് ഇന്നത്തെ രാഷ്ട്രീയക്കാര്‍ അധപതിച്ചിരിക്കുന്നു. “സ്വതന്ത്രനായി പിറന്നു വീഴുന്ന മനുഷ്യരെ അടിമകളാക്കാന്‍ ആര്‍ക്കാണവകാശം “ എന്ന മഹാനായ ഖലീഫാ ഉമറിന്‍റെ ചോദ്യം ശരിവെക്കുന്നതരത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന “അറബ് വസന്തം” എന്നറിയപ്പെടുന്ന ജനമുന്നേറ്റം നല്ല ഒരു തുടക്കം തന്നെയാണ്. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പ്രശസ്തരായവരെ ദുബായില്‍ വെച്ച് ആദരിക്കുന്ന ചടങ്ങിന്‍റെ റിപ്പോര്‍ട്ട്‌ വായിച്ചപ്പോള്‍ അയാളൊന്നു ചിരിച്ചു. ചെയ്യാനൊന്നുമില്ലാത്തതുകൊണ്ട് പണക്കാരായ ബന്ധുക്കളെയും സ്വന്തക്കാരെയും ആദരിക്കാന്‍ പ്രവാസി സംഘടനകള്‍ മത്സരിച്ചു ചടങ്ങുകള്‍ നടത്തുന്നു. “നിരന്തരമായ പട്ടിണിയും രോഗവും മൂലം മനം മടുത്ത്‌ ഭാര്യയെ ചുട്ടുകൊന്നു വൃദ്ധന്‍ ജീവനൊടുക്കി” ഒരു ഞെട്ടലോട് കൂടിയാണയാള്‍ ആ വാര്‍ത്ത‍ വായിച്ചത്. ഭരണസിരാകേന്ദ്രങ്ങള്‍ നിലകൊള്ളുന്ന തലസ്ഥാന നഗരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്ന സംഭവം. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്? പട്ടിണിമൂലം മരിച്ച ഒരു മനുഷ്യന്‍റെ മരണത്തിനുത്തരവാദി അയല്‍വാസികളായ നാം തന്നെയല്ലേ? ഭരണകൂടത്തിനു ആ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയുമോ? വാര്‍ഡു മെമ്പര്‍മാര്‍ എവിടെയാണ്? പഞ്ചായത്ത്‌ സമ്പ്രദായം എവിടെയാണ്? ജില്ല ഭരണകൂടങ്ങള്‍, സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങള്‍ ഇവയൊക്കെ എന്തിനാണ്? വന്‍ അഴിമതികള്‍ നടത്തി പരസ്പരം പഴിചാരികൊണ്ട് ജനങ്ങളെ പമ്പര വിഡ്ഢികളാക്കിക്കൊണ്ട് സ്വന്തം കീശകള്‍ വീര്‍പ്പിക്കുകയല്ലേ ഇന്നത്തെ ഭരണകൂടങ്ങള്‍ ചെയ്യുന്നത്? ഇത് തന്നെയല്ലേ ആധുനിക രാഷ്ട്രീയതന്ത്രം? ദരിദ്രരും പട്ടിനിപ്പാവങ്ങളും നിരാലംബരുമായ ജനതയെ സംരക്ഷിക്കാന്‍ പഞ്ചായത്ത്തലത്തില്‍ ഒരു പദ്ധതി നടപ്പിലാക്കാന്‍,അല്ലങ്കില്‍ നിലവിലുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ , ക്രിക്കറ്റ്‌ കളിയില്‍ മറിയുന്ന കോടികളുടെ ഒരംശം,അല്ലങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒഴുക്കുന്ന കോടികളുടെ ഒരംശം അതുമല്ലങ്കില്‍ പരസ്പരം പൊങ്ങച്ചം കാണിക്കാന്‍ നടത്തുന്ന ചടങ്ങുകള്‍ക്ക് ചെലെവക്കുന്നതിന്‍റെ ഒരംശം ..അത്രയും വേണോ? ഭരണാധികളുടെ കണ്ണുകളില്‍ തിമിരം ബാധിച്ചിരിക്കുകയാണോ? മൊബൈല്‍ ശബ്ദിച്ചു തുടങ്ങി. മീടിങ്ങിനു ഏത്താത്തതുകൊണ്ടുള്ള വിളിയാണ്. അയാള്‍ പത്രം മടക്കി വെച്ചു. വണ്ടി മുന്നോട്ടു നീങ്ങി.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...