പ്രലോഭനങ്ങള്‍

കരാമയിലെ ഒരു സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അടുത്തുള്ള വണ്ടിയിലിരുന്ന ഒരാള്‍ അയാളോട് വണ്ടിയെ നോക്കികൊണ്ട് എന്തോ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. വണ്ടിക്കു എന്തോ തകരാര് സംഭവിച്ചിരുക്കുന്നതായി ചൂണ്ടിക്കാണിച്ചതാവാം. ഏതായാലും അയാള്‍ കരുതലോടെ വണ്ടിയോടിച്ചു. വണ്ടി ഇടയ്ക്കിടെ പിടക്കുന്നതായി അയാള്‍ക്ക് തോന്നി. കരാമയിലെ ഗതാഗതക്കുരുക്കില്‍ വണ്ടി കുടുങ്ങുമോ എന്നയാള്‍ ഭയന്നു. കരാമയും കഴിഞ്ഞു വണ്ടി മക്തൂം ബ്രിഡ്ജില്‍ എത്തിയപ്പോള്‍ സ്ക്രീനില്‍ എന്തോ ഒരു അപായ സൂചനയും വന്നു. വണ്ടി കൂടുതല്‍ കൂടുതല്‍ വിറച്ചുത്തുടങ്ങി. അതിവേഗതയില്‍ ചീറിപ്പായുന്ന വണ്ടികള്‍ക്കിടയില്‍പ്പെട്ടു അയാള്‍ നന്നേ വിഷമിച്ചു. വണ്ടി ഒതുക്കാന്‍ കഴിയാതെ അയാള്‍ വിഷമിച്ചു. രണ്ടുംകല്‍പിച്ചു അയാള്‍ വണ്ടി മുന്നോട്ട് തന്നെയെടുത്തു. ക്ലോക്ക്‌ ടവറിനടുത്തുള്ള ടണലില്‍ വണ്ടികള്‍ വളരെ കുറവായതിനാല്‍ ഇറങ്ങിയ അതേ വേഗതയില്‍ വണ്ടി ടണല്‍ കയറി. വണ്ടിയുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു. പിന്നില്‍ നിന്നും വണ്ടികള്‍ ഹോണടിച്ചു ബഹളംവെച്ചു തുടങ്ങി. ഡബിള്‍ ഇന്‍ഡികേട്ടര്‍ ഇട്ട് അയാള്‍ വണ്ടിയെ മുന്നോട്ട് നയിച്ചു. സിഗ്നലും കഴിഞ്ഞ് അല്‍ കബായല്‍ സെന്‍റരിനടുത്തുള്ള പാര്‍കിങ്ങില്‍ വണ്ടി ഒതുക്കി നിര്‍ത്തിയപ്പോള്‍ അയാള്‍ക്ക്‌ ആശ്വാസം തോന്നി. വണ്ടിയില്‍ നിന്നുമിറങ്ങി വണ്ടിയുടെ ബോണറ്റ് തുറന്നു. വെള്ളം തിളച്ച് പുകച്ചുരുളുകള്‍ ഉയരുന്നു. പുകച്ചുരുളുകള്‍ തീരുന്നതുവരെ അയാള്‍ അത് തന്നെ നോക്കിനിന്നു. ഈ വണ്ടിയിലാണല്ലോ താന്‍ അല്‍ ഖൂസില്‍ നിന്നും ഷെയ്ക്ക് സായിദ്‌ റോഡ്‌ വഴി ഇവിടം വരെ എത്തിയത് എന്നോര്‍ത്തപ്പോള്‍ അയാള്‍ ഭയന്നു വിറച്ചു. വഴിയിലെവിടെയും വണ്ടി നിന്നുപോകാതെ സുരക്ഷിതമായി ഒതുക്കിനിര്‍ത്താന്‍ കഴിഞ്ഞതില്‍ അയാള്‍ ദൈവത്തെ സ്തുതിച്ചു. ആ സമയത്തിനുള്ളില്‍ അയാള്‍ ഓഫീസില്‍ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. ഓഫീസില്‍ നിന്നും ഏര്‍പ്പാടാക്കിയ റികവറി ഡ്രൈവര്‍ ഒന്നരമണിക്കൂര്‍ കഴിഞ്ഞേ എത്തുമെന്ന് അയാളെ വിളിച്ചു പറഞ്ഞു. എന്ത് ചെയ്യാന്‍ ..കാത്തിരിക്കുകതന്നെ. തണുപ്പുകാലത്തിന്‍റെ തുടക്കമായതിനാല്‍ പെട്ടെന്ന് തന്നെ ആകാശം ഇരുണ്ടു തുടങ്ങി. ഇന്ന് ജോലി കഴിഞ്ഞു നേരത്തെ വരാമെന്നു ഭാര്യക്ക് ഉറപ്പു കൊടുത്തിരുന്നു. മകന്‍റെ മുടി മുറിക്കണം പിന്നെ അവനെ ഒരു ദന്തിസ്റ്റിനെ കാണിക്കണം. മുന്‍നിരയിലെ പല്ലുകള്‍ക്ക്‌ പിന്നിലായി മറ്റു രണ്ടു പല്ലുകള്‍ കൂടി വളര്‍ന്നുവരുന്നു. രണ്ടു കാര്യങ്ങളും കുറെ ദിവസങ്ങളായി പലപല കാരണങ്ങളാല്‍ നീണ്ടുപോകുന്നു. അയാള്‍ ഭാര്യയെ വിളിച്ചു ഇന്നത്തെ അസൌകര്യം അറിയിച്ചു. തുറന്നിരിക്കുന്ന ബോണറ്റ് അടച്ചശേഷം അയാള്‍ വണ്ടിക്കകത്തു കയറിയിരുന്നു. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. മൊബൈല്‍ ചാര്‍ജെറില്‍വെച്ചു. റേഡിയോയില്‍ നിന്നുമുള്ള പാട്ടുകള്‍ ശ്രദ്ധിച്ചുകൊണ്ട് അയാള്‍മൊബൈലില്‍ ഗെയിം കളിച്ചുതുടങ്ങി. കണ്ണുകള്‍ കൂടുതല്‍ പ്രയത്നിക്കുന്നതുകൊണ്ടായിരിക്കാം അയാള്‍ക്ക് തലവേദന തോന്നിത്തുടങ്ങി. അയാള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. തണുത്ത കാറ്റ് അയാളെ തലോടിക്കൊണ്ടിരുന്നു. അയാള്‍ ഉന്മേഷവാനായി. അവിടെയുള്ള സിമന്‍റ് തറയില്‍ ഇരുപ്പുറപ്പിച്ചു. നിരവധി വാഹനങ്ങള്‍ പാര്‍കിങ്ങിലേക്ക് വരികയും അവിടെ നിന്ന് പോകുകയും ചെയ്തുകൊണ്ടിരുന്നു. അതുവഴി കടന്നുപോകുന്ന വാഹനങ്ങളെയും പല ദേശക്കാരായ ജനങ്ങളെയും അയാള്‍ കൌതുകത്തോടെ നോക്കികൊണ്ടിരുന്നു. മൊബൈലില്‍ യെസ്സംമസ് വഴി പാര്‍ക്കിംഗ് ടിക്കെറ്റ് എടുത്തതിനാല്‍ അതുവഴി പാര്‍ക്കിംഗ് എക്സാമിനാര്‍ പോയപ്പോള്‍ അയാള്‍ ഒരു കൂസലും ഇല്ലാതെ അവിടെതന്നെയിരുന്നു. പൂവിന് ചുറ്റും കറങ്ങുന്ന വണ്ടിനെപ്പോലെ ഒരു കറുത്ത സുന്ദരി അയാളെ വട്ടമിട്ടുനടന്നുകൊണ്ടിരുന്നു. ഉന്തിനില്‍ക്കുന്ന ഭാഗങ്ങള്‍ കൂടുതല്‍ ഉന്തിക്കൊണ്ടവള്‍ അയാളോട് ചിരിക്കാന്‍ ശ്രമിച്ചു. അയാളുടെ കണ്ണുകള്‍ അവളെ ശ്രദ്ധിച്ചുതുടങ്ങിയപ്പോള്‍ അടുത്ത പള്ളിയില്‍ നിന്നുമുള്ള മഗരിബ് പ്രാര്‍ഥനക്കുള്ള വിളി അയാളുടെ കാതുകളില്‍ മുഴങ്ങി. “അല്ലാഹു അക്ബര്‍ (അള്ളാഹു വലിയവന്‍ )........ അല്ലാഹു അക്ബര്‍ (അള്ളാഹു വലിയവന്‍ )..... അതെ അല്ലാഹു തന്നെയാണ് വലിയവന്‍. അയാള്‍ സിഗനലും കടന്ന് പള്ളിയിലേക്ക് നടന്നു. മഗരിബ് പ്രാര്‍ത്ഥന കഴിഞ്ഞു പള്ളിയില്‍ നിന്നുമിറങ്ങുമ്പോള്‍ ഒരു വീല്‍ചെയറിലിരുന്നു ഭിക്ഷാടനം നടത്തുന്ന അവശയായ ഒരു വൃദ്ധ സ്ത്രീയെ അയാള്‍ കണ്ടു. ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കുന്ന ആ വൃദ്ധ സ്ത്രീയുടെ അവശത അയാളെ സങ്കടപ്പെടുത്തി. ഈ വൃദ്ധ സ്ത്രീക്ക് തുണയായി ആരും ഇല്ലേ? ആരാണ് ഈ സ്ത്രീയെ അനാഥയാക്കിയത്? ഈ ധനികരാജ്യത്തും ഭിക്ഷാടനമോ? അവശതയനുഭവിക്കുന്ന സ്ത്രീജനങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കും ഭാരണാധിപന്മാര്‍ക്കും എന്തുകൊണ്ട് കഴിയുന്നില്ല. ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവിധത്തില്‍ ഭരണാധിപന്മാര്‍ എകാധിപതികളും ആഡംബരപ്രിയരുമായിരിക്കുന്നു. അതുകൊണ്ടുതന്നെയല്ലേ സര്‍വ്വശക്തനായ ദൈവം എകാധിപതികളെയൊക്കെ ദയനീയമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു മലബാരി ഹോട്ടല്‍ കണ്ടപ്പോള്‍ ഒരു ചായ കുടിക്കാന്‍ മോഹം തോന്നി. മേശപ്പുറത്ത്‌ നിരത്തിവെച്ചിരിക്കുന്ന പക്കുവടയും,പഴംപൊരിയും,പരിപ്പുവടയും അയാളെ ഹോട്ടലിലേക്ക് ആകര്‍ഷിച്ചു. ചായയും കൂടെ കുറച്ചു പക്കുവടയും ഒരു പഴംപൊരിയും അയാള്‍ കഴിച്ചു.ക്യാഷ്‌ കൌണ്ടറില്‍ നിരത്തി വെച്ചിരിക്കുന്ന സിഗരട്ടുകളുടെയിടയില്‍ “വില്‍സ്” സിഗരറ്റ്‌ കണ്ടപ്പോള്‍ അയാളുടെ മനമൊന്നു പിടച്ചു. “സിഗരറ്റ് വേണോ?” ക്യാഷര്‍ ചോദിച്ചു. “അയ്യോ വേണ്ട ..ഞാന്‍ പുകവലി നിര്‍ത്തിയിട്ടു കുറച്ചായി..ഒന്ന് നോക്കിപ്പോയതാണ്.” അയാള്‍ അവിടെ നിന്നം ഇറങ്ങിനടന്നു. ഈ സിഗരറ്റുകള്‍ വലിക്കാന്‍ വേണ്ടി എന്തുമാത്രം ചായകള്‍ കുടിച്ചതാണ്. അയാള്‍ ഓര്‍ത്തു. നാട്ടില്‍ അവധിക്കുപോയപ്പോള്‍ ടൗണിലെ ഒരു ഹോട്ടലില്‍ ചെന്ന് ചായ കുടിച്ചതുപോലെ അയാള്‍ക്ക്‌ തോന്നി. പലപല പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞകുറച്ചു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന അയാളുടെ മനസ്സ് നാട്ടില്‍പോയി തിരിച്ചെത്തിയിരിക്കുന്നു. പാര്‍ക്കിങ്ങിലേക്ക് തിരിച്ചുനടക്കുമ്പോള്‍ അയാളുടെ മൊബൈല്‍ ശബ്ദിച്ചു.റിക്കവറി ഡ്രൈവറായിരുന്നു ഫോണില്‍. അഞ്ചുമിനിട്ടിനകം ഡ്രൈവര്‍ എത്താമെന്ന് പറഞ്ഞു. അപായ വിളക്കുകള്‍ തെളിയിച്ചുകൊണ്ട് റിക്കവറി വണ്ടിയെത്തി. പാര്‍ക്കിംഗ് വിശാലമായതിനാല്‍ റിക്കവറിക്ക് പാര്‍ക്ക്‌ ചെയ്യാന്‍ സൌകര്യമുണ്ടായിരുന്നു. കറുത്ത് തടിച്ച അല്പം താടി നീട്ടിവളര്‍ത്തി തൊപ്പി ധരിച്ച് മധ്യവയസ്കനായ ഡ്രൈവര്‍ വണ്ടിയില്‍ നിന്നുമിറങ്ങി. “സാറിന്‍റെ വണ്ടിക്കു എപ്പഴും പ്രശ്നമാണല്ലോ?” ഡ്രൈവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. നിങ്ങള്‍ക്ക് ജോലി വേണ്ടേ?.....പിന്നെ എന്തിനാ റികവറിയും കൊണ്ട് നടക്കുന്നത്?” അയാളും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. വണ്ടി റിക്കവറിയില്‍ കയറ്റിയശേഷം അവര്‍ വണ്ടിയില്‍ കയറി. “ഞാന്‍ വര്‍ക്ക്ഷോപ്പിലേക്കില്ല..നിങ്ങള്‍ തനിയെ പോയാല്‍ മതി ....വണ്ടിയില്‍ അല്പം സാധനങ്ങള്‍ ഉണ്ട്...പോകുന്നവഴി എന്നെ എന്‍റെ റൂമില്‍ ഇറക്കിയാല്‍ മതി...ഇവിടെ അടുത്ത് തന്നെയാണ് എന്‍റെ ഫ്ലാറ്റ്‌” അയാള്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. “അത്...ഇതുവഴി തിരിച്ചുപോയാല്‍ എനിക്ക് പെട്ടെന്ന് എത്താം.....പിന്നെ ഡീസലും കുറെ ചിലവാകും.” ഡ്രൈവര്‍ വൈമനസ്യത്തോടെ പറഞ്ഞു. ദൂരത്തിനനുസരിച്ചുള്ള കാശ് തരാം എന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ സമ്മതിച്ചു. “നിങ്ങളുടെ ബാഹ്യരൂപം കണ്ടിട്ട് നിങ്ങള്‍ നല്ല ഒരു മതവിശ്വാസിയാനെന്നു തോന്നുന്നു. ആന്തരികമായും നിങ്ങള്‍ അങ്ങിനെതന്നെയാണോ?” അയാള്‍ ചോദിച്ചു. “അതെന്താ നിങ്ങള്‍ അങ്ങിനെ ചോദിച്ചത്?” ഡ്രൈവര്‍ സംശയം പ്രകടിപ്പിച്ചു. “അതിനു ഒരു കാരണമുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ഒരു സൂക്തത്തില്‍ ഇങ്ങനെ പറയുന്നുണ്ട് “ സത്യവിശാസികളെ പണ്ഡിതന്മാരിലും പുരോഹിതന്മാരിലുംപെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണ്ണവും വെള്ളിയും നിക്ഷേപമായിവെക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലെവാക്കാതിരിക്കുകയും ചെയ്യുന്നവരാരാണോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി “സന്തോഷവാര്‍ത്ത” അറിയിക്കുക. അതായത് പണ്ഡിതന്‍മാര്‍ വേഷം കെട്ടുന്ന കാലമാണ്.” അപ്പോഴേക്കും വണ്ടി പാര്‍ക്കിങ്ങില്‍ എത്തിയിരുന്നു. റിക്കവറി വണ്ടിയില്‍ നിന്നുമിരങ്ങുമ്പോള്‍ അയാള്‍ ഡ്രൈവറോട് പറഞ്ഞു. “തന്‍റെ വിഷമാവസ്തയിലും മറ്റുള്ളവരെ സഹായിക്കണം..അതിനുള്ള മനസ്സെങ്കിലും ഉണ്ടായിരിക്കണം ...അതാണ്‌ ഒരു യഥാര്‍ത്ഥ വിശ്വാസി.” അയാള്‍ കെട്ടിടത്തിന്‍റെ പടവുകള്‍ കയറി ഫ്ലാറ്റിലേക്ക് നടന്നു. റിക്കവറി പാര്‍ക്കിങ്ങില്‍ നിന്നും മുന്നോട്ട് നീങ്ങി. bloger.... basheer kunhithiri

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...