പാമ്പിന്‍റെ തലയുള്ള കുതിര

രാവിലെ ആരോ എവിടെയോ വെച്ച് ഒരു  പാമ്പിനെ കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ് തലേന്ന് ദര്‍ശിച്ച സ്വപ്നത്തെ കുറിച്ച് അയാള്‍ക്ക് ഓര്‍മ്മ വന്നത്.
“ നേര്‍ വഴിയില്‍ ഒരു ധീര യോദ്ധാവിന്‍റെ വീറോടും ഉശിരോടും കൂടി മുന്നേറുന്ന കുതിര. വഴിമദ്ധ്യേ ഉഗ്രവിഷമുള്ള ഒരു പാമ്പ്‌ തലയുയര്‍ത്തിനില്‍ക്കുന്നു. നന്മയും തിന്മയും മുഖാമുഖം നില്‍ക്കുന്നു. പാമ്പിനെ ഗൌനിക്കാതെ പോയ കുതിരയുടെ പിന്നാലെ പാമ്പ്‌ അതി വേഗതയില്‍ ഇഴഞ്ഞുനീങ്ങി വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. കാലു കൊണ്ടു തൊഴിച്ചു കുതിര പാമ്പിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ചവിട്ടേറ്റ പാമ്പ്‌ തിരിച്ചു പോയില്ല. അത് പിന്നാലെതന്നെ കൂടി. ഓരോ തവണ തോഴിക്കുമ്പോഴും പാമ്പ്‌ കുതിരയുടെ കാലില്‍ ചുറ്റാന്‍ ശ്രമിക്കുകയായിരുന്നു. പാമ്പിനെ ഒഴിവാക്കാനുള്ള കുതിരയുടെ എല്ലാ പ്രയത്നങ്ങളും പരാജയപ്പെട്ടു. വേദന സഹിച്ചുകൊണ്ടു പാമ്പ്‌ കുതിരയുടെ കാലില്‍ ചുറ്റാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ക്ഷമയറ്റ്‌ കുതിര പാമ്പിനെ കൊന്നു തിന്നുവാന്‍ തീരുമാനിച്ചു. സസ്യലതാദികള്‍ കഴിച്ചിരുന്ന കുതിര പാമ്പിന്‍റെ വാലറ്റം മുതല്‍ കഴിച്ചു തുടങ്ങി. വേദന കൊണ്ട് പാമ്പ്‌ പുളഞ്ഞില്ല. ഒരു ചെറുത്തുനില്പും നടത്തിയില്ല. പാമ്പിന്‍റെ തലയും കഴിച്ചു കഴിഞ്ഞപ്പോള്‍ കുതിരയുടെ പ്രകൃതം മാറിത്തുടങ്ങി. കുതിരയുടെ തല ക്രമേണ പാമ്പിന്‍റെ തലയായി രൂപാന്തരപ്പെട്ടു. രൌദ്രഭാവത്തോടെ പാമ്പിന്‍റെ തലയുള്ള കുതിര നില്‍ക്കുന്നു “.
തലേന്ന് കിടന്നുറങ്ങുമ്പോള്‍ മനസ്സ്‌ പ്രക്ഷുബ്ധമായിരുന്നില്ല,ശാന്തമായ മനസ്സില്‍ കണ്ട ഈ സ്വപ്നത്തിന്‍റെ അര്‍ത്ഥമെന്താണ്? രാവിലെ ജോലിക്ക് പോകുമ്പോഴും , വണ്ടി ഡ്രൈവ്‌ ചെയ്യുമ്പോഴും,ഭക്ഷണം കഴിക്കുമ്പോഴും എല്ലായ്പ്പോഴും അയാള്‍ അതിനെക്കുറിച്ച്തന്നെ ആലോചിച്ചുകൊണ്ടിരുന്നു.
“ നന്മക്കെതിരെ തിന്മ നേടിക്കൊണ്ടിരിക്കുന്ന വിജയം സ്വപ്നമല്ല , യാഥാര്‍ത്ഥ്യം തന്നെയല്ലേ എന്നല്ലേ അതിന്‍റെ വിവക്ഷ.  സത്യത്തിനും നീതിക്കും, മാത്രുരാജ്യതിനുവേണ്ടിയും നിലകൊണ്ടിരുന്ന ധീര യോദ്ധാക്കളില്‍ പിശാചിന്‍റെ നിരന്തര പരിശ്രമത്തിലൂടെ തീവ്രവാതം എന്ന വിഷം കുത്തിയമര്‍ത്തി ഭീകരവാദികളായി രൂപാന്തരപ്പെടുത്തുന്നു. ലോകത്തിന്‍റെ വിവിധ ദേശങ്ങളില്‍ ഇത്തരത്തില്‍ പാമ്പിന്‍റെ തലയുള്ള കുതിരകള്‍ സൃഷ്ടിക്കപ്പെടുന്നു. തീവ്രവാതം അടിച്ചമര്‍ത്തുകയന്ന വ്യാജേന ലോകരാഷ്ട്രങ്ങളില്‍ കടന്നാക്രമണം നടത്തി ലോക മേധാവിത്തം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അധികാരമോഹികള്‍....ആയുധ കച്ചവടക്കാര്‍...കുതിരയെ പാമ്പിന്‍റെ തലയുള്ള കുതിരകളാക്കുന്നവര്‍. സമൂഹത്തിലെ എല്ലാ മേഖലകളിലും പാമ്പിന്‍റെ തലയുള്ള കുതിരകള്‍ മുന്‍പന്തിയില്‍ തന്നെ ഒളിഞ്ഞിരിക്കുന്നു. നന്മയുടെ വക്താക്കളെന്ന് പറഞ്ഞു ആരും അറിയാതെ തിന്മയുടെ വിത്തുകള്‍ വിതക്കുന്നു. ഭരണകര്‍ത്താക്കള്‍,രാഷ്ട്രീയക്കാര്‍,പോലീസുകാര്‍,ന്യായാധിപന്മാര്‍,ഉദ്യോഗാര്‍ത്ഥികള്‍, മത്പന്ധിതന്മാര്‍ അങ്ങിനെ എല്ലാ വിഭാഗത്തിലും ഈ പാമ്പിന്‍റെ തലയുള്ള കുതിരകള്‍ ഒളിഞ്ഞിരിക്കുന്നു. നന്മയുടെയും സമാധാനത്തിന്‍റെയും പേരും പറഞ്ഞ് ലോകത്താകമാനം തിന്മയുടെ വിഷം ചീറ്റുന്ന പാമ്പിന്‍റെ തലയുള്ള കുതിരകള്‍ക്കെതിരെ ജാഗരൂകരായിരിക്കുക.

കടപ്പാട് ..basheer kunjithiri

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...